ആലപ്പുഴ: പുന്നപ്രയിൽ നിന്നുള്ള വാർത്ത നമ്മെ നടുക്കുകയാണ്. അഞ്ചു വർഷമായി വയറ്റിൽ കത്രികയുമായി ജീവിക്കേണ്ടി വന്ന ഉഷയുടെ ജീവിതകഥ, ഒരു കുടുംബത്തിന്‍റെ വേദന മാത്രമല്ല ഒരു സംവിധാനത്തിന്‍റെ തകർച്ചയുടെ തെളിവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
2021-ൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒരു സാധാരണ തൊഴിലുറപ്പ് തൊഴിലാളി. ചികിത്സയിലൂടെ ആശ്വാസം ലഭിക്കേണ്ടിടത്ത്, ജീവിതം മുഴുവൻ വേദനയുടെ ചങ്ങലയിലാക്കി. വർഷങ്ങൾക്കിപ്പുറം നടത്തിയ പരിശോധനയിൽ പുറത്തുവന്ന സത്യം -ശസ്ത്രക്രിയക്കിടെ മറന്നുവെച്ച കത്രിക. ഇത് കേവലം ഒരു മെഡിക്കൽ പിഴവായി കാണാനാവില്ല. ഇത് അനാസ്ഥയുടെ പരമാവധി രൂപമാണ്.
ജനങ്ങൾക്ക് സുരക്ഷയും വിശ്വാസവും നൽകേണ്ട സർക്കാർ ആരോഗ്യ സംവിധാനം തന്നെ ഇന്ന് ഭീതിയുടെയും ആശങ്കയുടെയും കാരണമായി മാറിയിരിക്കുന്നു. ആശുപത്രിയുടെ കവാടം കടക്കാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലേക്ക് സാധാരണ ജനങ്ങളെ എത്തിച്ചിരിക്കുകയാണ് ഈ അവഗണന.
ഈ സംഭവം സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കണം. ഉഷയ്ക്ക് അർഹമായ നഷ്ടപരിഹാരവും മികച്ച ചികിത്സയും സർക്കാർ ഉറപ്പാക്കണം. ഒരാളുടെ ജീവിതം ഇങ്ങനെ കളങ്കപ്പെടുത്താൻ ഒരു സംവിധാനത്തിനും അവകാശമില്ല. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം, ആരോഗ്യ മന്ത്രി രാജിവയ്ക്കണം.
മനുഷ്യജീവൻ പരീക്ഷണശാലയല്ല. അനാസ്ഥയ്ക്ക് മാപ്പില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.